2013 ഏപ്രിൽ 8, തിങ്കളാഴ്‌ച

അസൂയ



കഥകളെ പ്രണയിക്കുന്ന നിന്നോട് പറയാൻ 
എന്റെ കണ്ണുകൾ  എന്നോടൊരു സ്വകാര്യം പറഞ്ഞു. 
അക്ഷരങ്ങളോടും അർത്ഥങ്ങളോടും  അലസമായ് രമിക്കുന്ന 
നിന്റെ കണ്ണുകളോടാണ് അവർക്ക്‌  അസൂയയെന്ന്. 

2013 ഏപ്രിൽ 3, ബുധനാഴ്‌ച

ചേരുംപടി ചേർച്ച


അവർ കളിച്ചു വളരട്ടെ,
പരസ്പരം ധാരണകളില്ലാതെ.
കാർ വാഹനമായുള്ള പെണ്‍ പാച്ചുവും
ഓറിയോ എന്ന വംശീയാധിക്ഷേപവും.


2013 ഏപ്രിൽ 2, ചൊവ്വാഴ്ച

ചിക്കനും ചിന്തയും


വരേണ്യത വസ്ത്രത്തിലും വൃത്തിയിലും,
പഠിപ്പിലും  എടുപ്പിലും നടപ്പിലും,
കുലത്തിലും കുലം  കുത്തലിലും മാത്രമല്ല,
തീറ്റയിലും തീന്മേശയിലും വരെ ഉണ്ട്.
പോർക്കും  ബീഫും തമ്മിലടിക്കുമ്പോൾ
ഒരു കോണിൽ നോക്കി നിന്ന് ചിരിക്കുന്നു,ചിക്കൻ.
മതേതരത്വത്തിന്റെ വരേണ്യ മുഖങ്ങൾ
പൊക്കിപ്പിടിച്ചു കൊഞ്ഞനം കുത്തിക്കുന്ന
സാർവ്വലൌകീകതയുടെ, ആഗോളീകരണത്തിന്റെ,
'ഒന്നാന്തരം വിരൽ നക്ക്' നെറ്റിപ്പട്ടങ്ങൾ.
ചില്ലുമേടപ്പുരപ്പുറങ്ങളിലിരുന്നു
അവരുറക്കെ ഉറക്കെ വിളിച്ചു പറയുന്നു.
അടുത്ത ജന്മത്തിലെങ്കിലും ഒരു ചിക്കനായി ജനിക്കണം!
ജാതിയും മതവും,സ്വത്വവും,സ്വത്വബോധവുമില്ലാത്ത
നല്ലൊന്നാന്തരമൊരു സെക്കുലർ ചിക്കൻ.


(എല്ലിനിടയിൽ കുത്തുന്ന ചില പുതുചിക്കൻ  ചിന്തകൾ: അതെ, ഇന്ന് ഊണിനു ചിക്കനായിരുന്നു!)