2013, ജനുവരി 12, ശനിയാഴ്‌ച

നമുക്ക് പുറത്തു പോകാം?


നമുക്ക്  പുറത്തു പോകാം. 
ഈ ഉപചാരങ്ങള്‍ക്കും
പരിചയങ്ങള്‍ക്കും 
പുറത്ത് 
എനിക്കും നിനക്കും 
മതിക്കും മൊഴിക്കും 
മടുക്കാതെ ചെടിക്കാതെ   
വെറുതെ ഇരിക്കാന്‍ 
ഒരിടത്തേക്ക് പോകാം.

നമുക്കിരിക്കാം,
ചിരിക്കാം, 
ഒരുമിച്ചിരിക്കാം.
ഒരുമിക്കാന്‍ കഴിഞ്ഞാല്‍ 
ഓര്‍ത്തു ചിരിക്കാന്‍ 
വിഡ്ഢിത്തങ്ങള്‍ 
പറയാം,
പറഞ്ഞു ചിരിക്കാം.

നമുക്ക് നടക്കാം.
നമുക്കിടയില്‍ 
ഇടര്‍ച്ചയുടെ ഇടങ്ങള്‍ 
തീര്‍ത്ത അകലങ്ങളിലേക്ക് 
പോകാന്‍ 
വഴിത്താരകള്‍ 
തീര്‍ക്കാം.

നമുക്കടുക്കാം.
നടക്കാതെ പോയ 
സ്വപ്നങ്ങളിലേക്ക് മടങ്ങാന്‍ 
ഒരു ചങ്ങാടം 
പണിയാം. 

നമുക്ക് അര്‍ത്ഥങ്ങള്‍ 
മെനയാം.
മരക്കൊമ്പുകളില്‍ 
ആരോ പണിത മാടങ്ങള്‍
ചങ്ങാടങ്ങളാക്കി 
മാറ്റിയവളേ 
നമുക്ക് പുതിയ 
അര്‍ത്ഥങ്ങള്‍ മെനയാം.

നമുക്കോര്‍മ്മകള്‍ തീര്‍ക്കാം. 
എനിക്കും നിനക്കും 
നമുക്കുള്ളവര്‍ക്കും 
തിരിഞ്ഞൊന്നു നോക്കാന്‍ 
നെഞ്ചോടു ചേര്‍ക്കാന്‍ 
നമുക്കോര്‍മ്മകള്‍ 
തീര്‍ക്കാം.

നമുക്ക്  പുറത്തു പോകാം?
എനിക്കും നിനക്കും 
മതിക്കും മൊഴിക്കും 
മടുക്കാതെ ചെടിക്കാതെ   
വെറുതെ ഇരിക്കാന്‍ 
ഒരിടത്തേക്ക് പോകാം?