2012, മാർച്ച് 1, വ്യാഴാഴ്‌ച

ഇങ്ങനെയാണോ കഥകള്‍ ഉരുത്തിരിയുന്നത്?

ദിവസങ്ങളോളം രാത്രി  ഉറക്കം വരാതെ തുറന്നിട്ട ജനാലയിലൂടെ അകലയെവിടെക്കോ നോക്കിയിരുന്നിട്ടുണ്ട് , നോക്കി നോക്കി അവസാനം എന്തെല്ലാമോ  കണ്ടു തുടങ്ങിയപ്പോഴാണ് നോട്ടം നിര്‍ത്തി ഉപദ്രവം കുറഞ്ഞ മറ്റു ശീലങ്ങളെക്കുറിച്ച് ആലോചിക്കാന്‍ തുടങ്ങുന്നത്.  കാലങ്ങളോളം അപകര്‍ഷതയുടെ  മറ പറ്റി നിന്ന  എഴുത്തിന്റെ ഭ്രാന്ത് യാതൊരും നാണവും കൂടാതെ തുണിയുരിഞ്ഞു നൃത്തം ചെയ്യാന്‍   തുടങ്ങിയത് അപ്പോഴാണ്.. പിന്നീടു എഴുത്തിന്റെ ചുവടു പിടിച്ച്‌ ചിന്തകള്‍ പതിയെ കാട് കയറാന്‍ തുടങ്ങിയപ്പോള്‍ അതൊരു രസമായി. ചിന്തകള്‍ക്ക് പക്ഷെ രസം മാത്രമല്ല ചില രാസ ഗുണങ്ങളുമുണ്ട്. തിളച്ചു മറിയുന്ന ജീവിതാനുഭവങ്ങളില്‍ നിന്ന് അത് ചൂട് വലിച്ചെടുക്കും, മനസ്സില്‍ കിടന്നു പുകയും പിന്നെ പുകയ്ക്കും. പുകഞ്ഞു നീറിയ കനലുകളില്‍ നിന്ന് ചിലത് വലിച്ചു പുറത്തിടുമ്പോള്‍ അവയ്ക്ക് വിയര്‍പ്പിന്റെ മണവും , ചോരയുടെ നിറവും , കണ്ണീരിന്റെ സ്വാദും  ഉണ്ടാകാറുണ്ട്. അത്തരത്തില്‍ ചില ചിന്തകളുടെ ഓരം ചേര്‍ന്ന് മനസ്സില്‍ ചിലത് കുത്തി കുറിക്കുമ്പോഴേക്കും ആ കനലുകലളില്‍ ചാരം വന്നു മൂടും പിന്നെ കടലാസും പേനയും ഭദ്രമായി അടച്ചു വെച്ചാല്‍ മതി, അടുത്ത തവണ ചിന്തകള്‍ക്ക് ചൂട് പിടിക്കുന്നത്‌ വരെ. ഇത്തവണ അത് പോലെ അല്ല. ചിന്തകള്‍ക്ക് ചൂട് പിടിച്ചു തുടങ്ങിയിരിക്കുന്നു, നെരിപ്പോടില്‍ കിടന്നെരിയുന്നത് പക്ഷെ കനലുകള്‍ മാത്രമല്ല, ചുട്ടു പഴുക്കുന്ന ചില ഇരുമ്പിന്റെ കഷ്ണങ്ങളും ഉണ്ട്. നട വഴിയില്‍ വീണ്‌ കിടക്കുന്നത് കണ്ടു പണ്ട് എപ്പഴോ എടുത്ത് കുപ്പായത്തിന്റെ കീശയില്‍ ഇട്ടതാണ് പിന്നീടു കുപ്പായക്കീശയില്‍ ഞാന്നു കിടന്നു താളത്തില്‍ മാറത്തു തട്ടിയപ്പോഴാണ് അവരെക്കുറിച്ച് ഓര്‍ത്തത്. അധികം താമസിച്ചില്ല മുറിയിലെത്തി കതകടച്ചു കുറ്റിയിട്ടു ചിന്തകള്‍ അടുപ്പത്തു വെച്ചു, ചൂടാക്കാന്‍. ചൂടായി വന്ന ചിന്തകളും കീശയിലെ ഇരുമ്പും വാരിയെടുത്ത് നേരിപ്പോടിലെക്ക് എറിഞ്ഞു. ഒരു നശിച്ച സിഗരറ്റും  കത്തിച്ചു പിടിച്ചു ചാര് കസേരയിലേക്ക് ചാഞ്ഞിരുന്നു, കനല് പഴുക്കുന്നതും ഇരുമ്പ് ഉരുകുന്നതും നോക്കി. ഇരുമ്പ് പൊതിയുന്ന കനലുകളില്‍ ഒരു കഥയുടെ രൂപം എനിക്ക് കാണാം. ഇങ്ങനെയാണോ കഥകള്‍ ഉരുത്തിരിയുന്നത്?







1 അഭിപ്രായം: