2012, ഡിസംബർ 6, വ്യാഴാഴ്‌ച

സ്വാതന്ത്ര്യം! സമത്വം! സാഹോദര്യം!

മഹാത്മാക്കളേ ,താത്വികന്മാരെ, നിയമജ്ഞരെ,രാഷ്ട്രശില്പികളെ !
പൗര ധര്‍മ്മത്തിന്റെയും രാഷ്ട്ര നിര്‍മ്മിതിയുടെയും ഭാരം എന്റെ 
ചുമലില്‍ വെച്ച് തന്നു കടന്നു കളഞ്ഞ നിങ്ങള്‍ക്ക്‌  ഈ നശിച്ച വരികള്‍ 
ഞാന്‍ സമര്‍പ്പിക്കുന്നു.

"പ്രിയ സുഹൃത്തേ പേടിക്കേണ്ട , ഞാനും നീയും ഒരു പോലെ!"
എന്നവര്‍ പറയുന്നു.
ഇനിയും വിശ്വാസം വരാതെ മാറി നില്‍ക്കുന്നവരുടെ അരികിലെത്തി ക്ഷമയോടെ,
കരുതലോടെ, ചുമലില്‍ തട്ടി ആശ്വസിപ്പിച്ചു കൊണ്ടവര്‍ പറയുന്നു.
"പേടിക്കേണ്ട,ഒരമ്മ പെറ്റ  മക്കള്‍  നമ്മളെല്ലാവരും!
'ഏകോദര സഹോദരന്മാര്‍!', കേട്ടിട്ടില്ലേ?
ഞങ്ങളാരെയും  നിര്‍ബന്ധിക്കുന്നില്ല,
ഞങ്ങള്‍ പറയുന്നത് വിശ്വസിക്കണമെന്ന് ശഠിക്കുന്നുമില്ല!
പക്ഷെ ഒരു കാര്യം, ആരും ഞങ്ങളെ പേടിക്കാന്‍ പാടില്ല. 
അത് ഞങ്ങള്‍ക്കിഷ്ടമല്ല. അത്ര മാത്രം!"

കൂട്ടത്തില്‍ ഒരുത്തന്‍ വേലിക്ക്  മേല്‍  വലിഞ്ഞു കയറി.
ആര്യന്മാരുടെ സല്യുട്ട്  പോലെ  കൈ നീട്ടി പിടിച്ചു 
കൊടുവാള് കൊണ്ട് കൈപ്പടത്തില്‍  നെടുകെ ഒരു ചാല് കീറി.
മുറിവില്‍ നിന്ന് വിളറിയ ചുവപ്പ്  രക്തം  അലറിപ്പിടച്ചു കുതിച്ചു ചാടി.
കണ്ടില്ലേ! കണ്ടില്ലേ! മുഷ്ടി  ചുരുട്ടി പിടിച്ചു ആകാശത്തേക്ക്‌ എറിഞ്ഞു  കൊണ്ടയാള്‍ അലറി!
നിലത്തു നിന്നവരുടെ മേല്‍ വിളറിയ ചുവപ്പ് രക്തം വീണു ചിതറി.
നിണമണിഞ്ഞു നിറം മാറിയവര്‍ ഒന്ന് ചേര്‍ന്ന്‍  ഒരൊറ്റ സ്വരത്തില്‍ ആര്‍ത്തു വിളിച്ചു.

"ഞാനും നീയും അവനും അവളും,
തമ്മില്‍ നമ്മള്‍ക്കില്ല ഭേദം!
എന്‍ ചോരക്കും  നിന്‍ ചോരക്കും 
നിറമോ വിളറിയ ചുവപ്പ് തന്നെ!"

പടര്‍ന്നിറങ്ങുന്ന രക്തം കണ്ടു പേടിച്ച് പലരും പലവഴി ചിതറിയോടി.
ഇത് കണ്ട അവര്‍ക്ക് ഭ്രാന്ത് പിടിച്ചു."പറഞ്ഞാല്‍ മനസ്സിലാവാത്ത വര്‍ഗം", അവര്‍ അലറി.
"മനസ്സിലാവാത്തോണ്ടാ!" മഹാത്മാക്കളും, താത്വികന്മാരും, നിയമജ്ഞരും നിരീക്ഷിച്ചു. 
"ഓ! വിവരമില്ലാത്ത  വര്‍ഗം" നിണമണിഞ്ഞവര്‍ക്ക് കാര്യം മനസ്സിലായി.
"നേരെ  പറഞ്ഞു കൊടുക്കാഞ്ഞിട്ടാ!" , മതിലേക്കേറിയവന്‍ പറഞ്ഞു. ശെരിയാ  ശെരിയാ!
എല്ലാവരും അത് ശെരി വെച്ച്!
പേടിച്ചോടിയവരുടെ പിറകെ അവരും ഓടി.
നെടുകെയും കുറുകെയും ചാലുകള്‍ കീറി.
വീണ്ടും വീണ്ടും കീറി.അങ്ങോട്ടുമിങ്ങോട്ടും കീറി.

പാഠം  കഴിഞ്ഞപ്പോള്‍ പഠിച്ചവരും പഠിപ്പിച്ചവരും സമന്മാരായി.
ചാല് കീറിയൊഴുകുന്ന ചോരപ്പുഴക്കിരുവശവും
കെട്ടിപ്പിടിച്ചും പിണഞ്ഞും  കിടക്കുന്ന പിണങ്ങള്‍...,
പേടിച്ചവരും  പേടിപ്പിച്ചവരും; പേടിയുടെ പിണിയാളുകള്‍...

നമ്മുടെയെല്ലാം രക്തത്തിന്റെ നിറം ഒന്നാണോ അമ്മേ?
രാജവീഥിയുടെ വെളിയില്‍ ഇരുളിന്റെ പിന്നാമ്പുറങ്ങളില്‍ 
അമ്മയുടെ സാരിത്തലപ്പ് ചുറ്റിപ്പിടിച്ചു
നിഴല് പറ്റി നടന്ന പിഞ്ചു ബാലന്‍. ചോദിച്ചു.
"അതെ, നിലത്തു വീണു ചിതറുന്നത്‌ വരെ."
 ഒരു നടുക്കത്തോടെ അവര്‍ മറുപടി പറഞ്ഞു.
"നിലത്തു വീണു  ചിതറിയാല്‍ അത് പച്ചയും ,കാവിയും,
വെളുപ്പും കറുപ്പും, നീലയും കടും ചുവപ്പും ഒക്കെ ആയി മാറും."
മഴവില്‍ വര്‍ണങ്ങളില്‍ കുതിച്ചൊഴുകുന്ന ചാലുകള്‍ നോക്കി ആ ബാലന്‍ മെല്ലെ തലയാട്ടി .