2013, ഏപ്രിൽ 8, തിങ്കളാഴ്‌ച

അസൂയ



കഥകളെ പ്രണയിക്കുന്ന നിന്നോട് പറയാൻ 
എന്റെ കണ്ണുകൾ  എന്നോടൊരു സ്വകാര്യം പറഞ്ഞു. 
അക്ഷരങ്ങളോടും അർത്ഥങ്ങളോടും  അലസമായ് രമിക്കുന്ന 
നിന്റെ കണ്ണുകളോടാണ് അവർക്ക്‌  അസൂയയെന്ന്. 

2013, ഏപ്രിൽ 3, ബുധനാഴ്‌ച

ചേരുംപടി ചേർച്ച


അവർ കളിച്ചു വളരട്ടെ,
പരസ്പരം ധാരണകളില്ലാതെ.
കാർ വാഹനമായുള്ള പെണ്‍ പാച്ചുവും
ഓറിയോ എന്ന വംശീയാധിക്ഷേപവും.


2013, ഏപ്രിൽ 2, ചൊവ്വാഴ്ച

ചിക്കനും ചിന്തയും


വരേണ്യത വസ്ത്രത്തിലും വൃത്തിയിലും,
പഠിപ്പിലും  എടുപ്പിലും നടപ്പിലും,
കുലത്തിലും കുലം  കുത്തലിലും മാത്രമല്ല,
തീറ്റയിലും തീന്മേശയിലും വരെ ഉണ്ട്.
പോർക്കും  ബീഫും തമ്മിലടിക്കുമ്പോൾ
ഒരു കോണിൽ നോക്കി നിന്ന് ചിരിക്കുന്നു,ചിക്കൻ.
മതേതരത്വത്തിന്റെ വരേണ്യ മുഖങ്ങൾ
പൊക്കിപ്പിടിച്ചു കൊഞ്ഞനം കുത്തിക്കുന്ന
സാർവ്വലൌകീകതയുടെ, ആഗോളീകരണത്തിന്റെ,
'ഒന്നാന്തരം വിരൽ നക്ക്' നെറ്റിപ്പട്ടങ്ങൾ.
ചില്ലുമേടപ്പുരപ്പുറങ്ങളിലിരുന്നു
അവരുറക്കെ ഉറക്കെ വിളിച്ചു പറയുന്നു.
അടുത്ത ജന്മത്തിലെങ്കിലും ഒരു ചിക്കനായി ജനിക്കണം!
ജാതിയും മതവും,സ്വത്വവും,സ്വത്വബോധവുമില്ലാത്ത
നല്ലൊന്നാന്തരമൊരു സെക്കുലർ ചിക്കൻ.


(എല്ലിനിടയിൽ കുത്തുന്ന ചില പുതുചിക്കൻ  ചിന്തകൾ: അതെ, ഇന്ന് ഊണിനു ചിക്കനായിരുന്നു!)







2013, മാർച്ച് 29, വെള്ളിയാഴ്‌ച

പരിചയങ്ങൾ

പരിചിതങ്ങളായ  പാതകളിലൂടെ
അപരിചിതത്വവും പേറി നടക്കുന്ന 
ഒരു നിഷ്പാദുകന്റെ ദുഃഖവെള്ളി


2013, ഫെബ്രുവരി 12, ചൊവ്വാഴ്ച

തിരുത്ത്‌


"കുട്ടികളോട് 
മര്യാദക്കു പെരുമാറണം,"
അമ്മ കംസനോട് പറഞ്ഞു.
കംസന്‍ കേട്ടു,അനുസരിച്ചില്ല.
കാലം തിരുത്താത്തത് കാലന്‍ തിരുത്തി.

2013, ഫെബ്രുവരി 10, ഞായറാഴ്‌ച

പരിഭവം


മദ്ധ്യാഹ്ന വെയിലില്‍ ദിവാസ്വപ്നങ്ങള്‍ക്ക് ചൂട് പിടിക്കുമ്പോള്‍
നിദ്രാബദ്ധമായ എന്റെ  കണ്ണുകള്‍ 
കാമാതുരങ്ങളായ എന്റെ രാത്രികളോട് കലഹിക്കുന്നു. 
അവയ്ക്ക് വേണ്ടത് നിന്നെയാണ്.
കണ്ണുകള്‍ക്കും,ദിവാസ്വപ്നങ്ങള്‍ക്കും,
കാമാതുരങ്ങളായ എന്റെ രാത്രികള്‍ക്കും.




2013, ഫെബ്രുവരി 8, വെള്ളിയാഴ്‌ച

ഒരു വില്‍(പ്പന ) പാട്ട്


ഉള്ളില്‍ തിളച്ചു മറിയുന്നത്  എന്റെ മാത്രം സൃഷ്ടിയല്ല. 
തെളിഞ്ഞും മറഞ്ഞും നിങ്ങള്‍ എന്റെ ഉള്ളില്‍ കോറിയിട്ട മുറിപ്പാടുകളാണ്.
ചെഞ്ചായം പൊടിയുന്ന വരക്കൂട്ടുകള്‍. 
ചെരിച്ചും തിരിച്ചും മറിച്ചും പിടിച്ചു നോക്കിയിട്ടും 
ഇതില്‍ ഞാന്‍ പതിച്ച 
എന്റെ കയ്യൊപ്പെനിക്കു 
കാണാനാവുന്നില്ല.
ദയവായി ഇത് മടക്കി വാങ്ങി 
എന്റെ കയ്യൊപ്പെനിക്ക്  എനിക്ക് 
തിരിച്ചു നല്‍കണം.

ഇതില്‍ കലയെവിടെ സുഹൃത്തേ?
നിങ്ങളുടെ സൃഷ്ടികളുടെ നഗ്നത 
ഞങ്ങളുടെ കണ്ണുകളെ ത്രസിപ്പിക്കുന്നു.
ഹൃദയത്തെ  കുഴപ്പിക്കുന്നു.
രഹസ്യമായി ആസ്വദിക്കാവുന്ന 
സത്യങ്ങളുണ്ടോ  കയ്യില്‍?

രഹസ്യമായാസ്വദിക്കാന്‍ 
നല്ല രഹസ്യങ്ങളുണ്ട്.
മൂപ്പ് കുറഞ്ഞ രണ്ടെണ്ണം എടുക്കട്ടെ?
അതല്ലെങ്കില്‍ 
കടുപ്പത്തിലൊരു 
'ചായ '?
അതുമല്ലെങ്കില്‍ 
എളുപ്പത്തിലൊരു 
'കോടി'?
എടുക്കട്ടെ?

എടൊ തനിക്കെന്തറിയാം?
അറിയാനൊരു രഹസ്യം 
ഞങ്ങളങ്ങോട്ടു പറയാം.
പെടക്കുന്ന പത്തു രഹസ്യങ്ങള്‍
 പടച്ചു വിട്ടിട്ടു വരുന്ന വഴിയാ, സുഹൃത്തേ!
വേണേലോരെണ്ണം ചൂടോടെ കേട്ടോ .
"നിങ്ങളുടെ ദൈവത്തിനു ഞങ്ങള്‍ വിളിക്കുന്ന പേര് 
ദൈവനിഷേധം"

ഇതിലെന്ത് രഹസ്യം?
നിങ്ങള്‍ തന്നെ പറയണം .
ചിലരുടെ മെരുക്കം 
പലര്‍ക്കും ചോരുക്കല്ലേ?
രഹസ്യ സ്വഭാവമില്ലാത്തതെങ്ങനെ രഹസ്യമാകും?

ശരിയല്ലടോ!
ഈ രഹസ്യങ്ങളൊന്നും ശരിയല്ല.
പണ്ടത്തെ പോലൊന്നും അല്ലിപ്പൊ 
രഹസ്യ സ്വഭാവം ഇപ്പോള്‍ പരസ്യങ്ങള്‍ക്ക് മാത്രമേ ഉള്ളു.
ആസ്വാദനത്തിലാണ്‌ രഹസ്യം.
അതിപ്പോ രഹസ്യമായാലും പരസ്യമായാലും.
രഹസ്യമായാസ്വദിക്കാന്‍ 
നല്ല പരസ്യങ്ങള്‍ പത്തുണ്ടോ സുഹൃത്തേ?
രഹസ്യമായി വേണം 
പണം പിന്നെത്തരാം.










2013, ഫെബ്രുവരി 4, തിങ്കളാഴ്‌ച

ഉത്തരങ്ങള്‍ ?

ഉന്മാദങ്ങളുടെ മദപ്പാടുകള്‍ക്ക് 
ഒരു പിന്നണിയെന്നോണം 
ഇതെനിക്ക് ഭ്രാന്തിന്റെ 
ഉത്തരകാലം.



2013, ജനുവരി 12, ശനിയാഴ്‌ച

നമുക്ക് പുറത്തു പോകാം?


നമുക്ക്  പുറത്തു പോകാം. 
ഈ ഉപചാരങ്ങള്‍ക്കും
പരിചയങ്ങള്‍ക്കും 
പുറത്ത് 
എനിക്കും നിനക്കും 
മതിക്കും മൊഴിക്കും 
മടുക്കാതെ ചെടിക്കാതെ   
വെറുതെ ഇരിക്കാന്‍ 
ഒരിടത്തേക്ക് പോകാം.

നമുക്കിരിക്കാം,
ചിരിക്കാം, 
ഒരുമിച്ചിരിക്കാം.
ഒരുമിക്കാന്‍ കഴിഞ്ഞാല്‍ 
ഓര്‍ത്തു ചിരിക്കാന്‍ 
വിഡ്ഢിത്തങ്ങള്‍ 
പറയാം,
പറഞ്ഞു ചിരിക്കാം.

നമുക്ക് നടക്കാം.
നമുക്കിടയില്‍ 
ഇടര്‍ച്ചയുടെ ഇടങ്ങള്‍ 
തീര്‍ത്ത അകലങ്ങളിലേക്ക് 
പോകാന്‍ 
വഴിത്താരകള്‍ 
തീര്‍ക്കാം.

നമുക്കടുക്കാം.
നടക്കാതെ പോയ 
സ്വപ്നങ്ങളിലേക്ക് മടങ്ങാന്‍ 
ഒരു ചങ്ങാടം 
പണിയാം. 

നമുക്ക് അര്‍ത്ഥങ്ങള്‍ 
മെനയാം.
മരക്കൊമ്പുകളില്‍ 
ആരോ പണിത മാടങ്ങള്‍
ചങ്ങാടങ്ങളാക്കി 
മാറ്റിയവളേ 
നമുക്ക് പുതിയ 
അര്‍ത്ഥങ്ങള്‍ മെനയാം.

നമുക്കോര്‍മ്മകള്‍ തീര്‍ക്കാം. 
എനിക്കും നിനക്കും 
നമുക്കുള്ളവര്‍ക്കും 
തിരിഞ്ഞൊന്നു നോക്കാന്‍ 
നെഞ്ചോടു ചേര്‍ക്കാന്‍ 
നമുക്കോര്‍മ്മകള്‍ 
തീര്‍ക്കാം.

നമുക്ക്  പുറത്തു പോകാം?
എനിക്കും നിനക്കും 
മതിക്കും മൊഴിക്കും 
മടുക്കാതെ ചെടിക്കാതെ   
വെറുതെ ഇരിക്കാന്‍ 
ഒരിടത്തേക്ക് പോകാം?