2012, ഡിസംബർ 6, വ്യാഴാഴ്‌ച

സ്വാതന്ത്ര്യം! സമത്വം! സാഹോദര്യം!

മഹാത്മാക്കളേ ,താത്വികന്മാരെ, നിയമജ്ഞരെ,രാഷ്ട്രശില്പികളെ !
പൗര ധര്‍മ്മത്തിന്റെയും രാഷ്ട്ര നിര്‍മ്മിതിയുടെയും ഭാരം എന്റെ 
ചുമലില്‍ വെച്ച് തന്നു കടന്നു കളഞ്ഞ നിങ്ങള്‍ക്ക്‌  ഈ നശിച്ച വരികള്‍ 
ഞാന്‍ സമര്‍പ്പിക്കുന്നു.

"പ്രിയ സുഹൃത്തേ പേടിക്കേണ്ട , ഞാനും നീയും ഒരു പോലെ!"
എന്നവര്‍ പറയുന്നു.
ഇനിയും വിശ്വാസം വരാതെ മാറി നില്‍ക്കുന്നവരുടെ അരികിലെത്തി ക്ഷമയോടെ,
കരുതലോടെ, ചുമലില്‍ തട്ടി ആശ്വസിപ്പിച്ചു കൊണ്ടവര്‍ പറയുന്നു.
"പേടിക്കേണ്ട,ഒരമ്മ പെറ്റ  മക്കള്‍  നമ്മളെല്ലാവരും!
'ഏകോദര സഹോദരന്മാര്‍!', കേട്ടിട്ടില്ലേ?
ഞങ്ങളാരെയും  നിര്‍ബന്ധിക്കുന്നില്ല,
ഞങ്ങള്‍ പറയുന്നത് വിശ്വസിക്കണമെന്ന് ശഠിക്കുന്നുമില്ല!
പക്ഷെ ഒരു കാര്യം, ആരും ഞങ്ങളെ പേടിക്കാന്‍ പാടില്ല. 
അത് ഞങ്ങള്‍ക്കിഷ്ടമല്ല. അത്ര മാത്രം!"

കൂട്ടത്തില്‍ ഒരുത്തന്‍ വേലിക്ക്  മേല്‍  വലിഞ്ഞു കയറി.
ആര്യന്മാരുടെ സല്യുട്ട്  പോലെ  കൈ നീട്ടി പിടിച്ചു 
കൊടുവാള് കൊണ്ട് കൈപ്പടത്തില്‍  നെടുകെ ഒരു ചാല് കീറി.
മുറിവില്‍ നിന്ന് വിളറിയ ചുവപ്പ്  രക്തം  അലറിപ്പിടച്ചു കുതിച്ചു ചാടി.
കണ്ടില്ലേ! കണ്ടില്ലേ! മുഷ്ടി  ചുരുട്ടി പിടിച്ചു ആകാശത്തേക്ക്‌ എറിഞ്ഞു  കൊണ്ടയാള്‍ അലറി!
നിലത്തു നിന്നവരുടെ മേല്‍ വിളറിയ ചുവപ്പ് രക്തം വീണു ചിതറി.
നിണമണിഞ്ഞു നിറം മാറിയവര്‍ ഒന്ന് ചേര്‍ന്ന്‍  ഒരൊറ്റ സ്വരത്തില്‍ ആര്‍ത്തു വിളിച്ചു.

"ഞാനും നീയും അവനും അവളും,
തമ്മില്‍ നമ്മള്‍ക്കില്ല ഭേദം!
എന്‍ ചോരക്കും  നിന്‍ ചോരക്കും 
നിറമോ വിളറിയ ചുവപ്പ് തന്നെ!"

പടര്‍ന്നിറങ്ങുന്ന രക്തം കണ്ടു പേടിച്ച് പലരും പലവഴി ചിതറിയോടി.
ഇത് കണ്ട അവര്‍ക്ക് ഭ്രാന്ത് പിടിച്ചു."പറഞ്ഞാല്‍ മനസ്സിലാവാത്ത വര്‍ഗം", അവര്‍ അലറി.
"മനസ്സിലാവാത്തോണ്ടാ!" മഹാത്മാക്കളും, താത്വികന്മാരും, നിയമജ്ഞരും നിരീക്ഷിച്ചു. 
"ഓ! വിവരമില്ലാത്ത  വര്‍ഗം" നിണമണിഞ്ഞവര്‍ക്ക് കാര്യം മനസ്സിലായി.
"നേരെ  പറഞ്ഞു കൊടുക്കാഞ്ഞിട്ടാ!" , മതിലേക്കേറിയവന്‍ പറഞ്ഞു. ശെരിയാ  ശെരിയാ!
എല്ലാവരും അത് ശെരി വെച്ച്!
പേടിച്ചോടിയവരുടെ പിറകെ അവരും ഓടി.
നെടുകെയും കുറുകെയും ചാലുകള്‍ കീറി.
വീണ്ടും വീണ്ടും കീറി.അങ്ങോട്ടുമിങ്ങോട്ടും കീറി.

പാഠം  കഴിഞ്ഞപ്പോള്‍ പഠിച്ചവരും പഠിപ്പിച്ചവരും സമന്മാരായി.
ചാല് കീറിയൊഴുകുന്ന ചോരപ്പുഴക്കിരുവശവും
കെട്ടിപ്പിടിച്ചും പിണഞ്ഞും  കിടക്കുന്ന പിണങ്ങള്‍...,
പേടിച്ചവരും  പേടിപ്പിച്ചവരും; പേടിയുടെ പിണിയാളുകള്‍...

നമ്മുടെയെല്ലാം രക്തത്തിന്റെ നിറം ഒന്നാണോ അമ്മേ?
രാജവീഥിയുടെ വെളിയില്‍ ഇരുളിന്റെ പിന്നാമ്പുറങ്ങളില്‍ 
അമ്മയുടെ സാരിത്തലപ്പ് ചുറ്റിപ്പിടിച്ചു
നിഴല് പറ്റി നടന്ന പിഞ്ചു ബാലന്‍. ചോദിച്ചു.
"അതെ, നിലത്തു വീണു ചിതറുന്നത്‌ വരെ."
 ഒരു നടുക്കത്തോടെ അവര്‍ മറുപടി പറഞ്ഞു.
"നിലത്തു വീണു  ചിതറിയാല്‍ അത് പച്ചയും ,കാവിയും,
വെളുപ്പും കറുപ്പും, നീലയും കടും ചുവപ്പും ഒക്കെ ആയി മാറും."
മഴവില്‍ വര്‍ണങ്ങളില്‍ കുതിച്ചൊഴുകുന്ന ചാലുകള്‍ നോക്കി ആ ബാലന്‍ മെല്ലെ തലയാട്ടി .


















2012, മാർച്ച് 2, വെള്ളിയാഴ്‌ച

ആര്‍ക്കാനും വേണ്ടി ഒരു ബ്ലോഗ്‌..

ബ്ലോഗെഴുത്തുകാരുടെ കൂട്ടത്തില്‍ ചിലര്‍ക്ക് ഒരു ധാരണ ഉണ്ടത്രെ, ബ്ലോഗെഴുതാന്‍ നല്ല കഴിവ് വേണമെന്ന്. അത് തെറ്റാണെന്ന് തെളിയിക്കാന്‍ വേണ്ടി കൂടിയാണ് ഈ ബ്ലോഗ്‌.. എഴുതുന്നത്. ബ്ലോഗെഴുതാന്‍ നല്ല കഴിവ് വേണമെന്ന് നിര്‍ബന്ധമില്ല, നല്ല താല്പര്യം മതി. മറിച്ച്‌ നല്ല ബ്ലോഗെഴുതാന്‍ നല്ല കഴിവ് തന്നെ വേണം. അത് എല്ലാവര്‍ക്കും പറ്റിയ പണിയുമല്ല. ഇതു പറയാന്‍ ഈ കഴുവേറിയുടെ കാര്യമുണ്ടോ എന്ന് ചിന്തിക്കുന്നവരോട് "ബ്ലോഗില്‍ ചോദ്യമില്ല" എന്ന് മാത്രമേ പറയാനുള്ളൂ. അല്ലെങ്കില്‍ തന്നെ ബ്ലോഗ്ഗെറില്‍ ആവശ്യത്തിനു ബ്ലോഗെഴുത്ത്കാരില്ലാഞ്ഞിട്ടോ പുതുതായെന്തെങ്കിലും പറയാന്‍ ഉണ്ടായിട്ടോ അല്ല ഈ പണിക്കിറങ്ങി തിരിച്ചത്. പ്രത്യേകിച്ച് പണിയൊന്നും ഇല്ലാഞ്ഞിട്ടും പറയാനുള്ളത് പറഞ്ഞേ തീരു  എന്നുള്ളതും കൊണ്ടാണ്. അതിനിയിപ്പോ നാല് പേര് വായിച്ചാല്‍ സന്തോഷം വായിച്ചില്ലെങ്കില്‍ അതും വേറൊരു സന്തോഷം. 'ബ്ലോഗെഴുത്തുകാരനും തന്‍ ബ്ലോഗ്‌ പൊന്‍ ബ്ലോഗ്‌' എന്നാണല്ലോ ബ്ലോഗറിന്റെ പ്രമാണം. എന്തെങ്കിലും കാര്യമുണ്ടായിട്ടല്ല പറയാന്‍  വേണ്ടി പറഞ്ഞെന്നു മാത്രം. പറയാനാണെങ്കില്‍ വളരെ ഉണ്ട് താനും.അതിനി മറ്റൊരു പോസ്റ്റിലാവാം.അങ്ങനെയും ഒരു പതിവുണ്ടല്ലോ, പറയാനുള്ളത് പതം വരുത്തി മുറിച്ച് മുറിച്ച് പറയുന്ന രീതി. എന്നാലങ്ങനെയാവട്ടെ! ആര്‍ക്കാനും വേണ്ടി ഇതിങ്ങനെ ഒരു ബ്ലോഗ്‌!! 
ശുഭരാത്രി!

2012, മാർച്ച് 1, വ്യാഴാഴ്‌ച

ഇങ്ങനെയാണോ കഥകള്‍ ഉരുത്തിരിയുന്നത്?

ദിവസങ്ങളോളം രാത്രി  ഉറക്കം വരാതെ തുറന്നിട്ട ജനാലയിലൂടെ അകലയെവിടെക്കോ നോക്കിയിരുന്നിട്ടുണ്ട് , നോക്കി നോക്കി അവസാനം എന്തെല്ലാമോ  കണ്ടു തുടങ്ങിയപ്പോഴാണ് നോട്ടം നിര്‍ത്തി ഉപദ്രവം കുറഞ്ഞ മറ്റു ശീലങ്ങളെക്കുറിച്ച് ആലോചിക്കാന്‍ തുടങ്ങുന്നത്.  കാലങ്ങളോളം അപകര്‍ഷതയുടെ  മറ പറ്റി നിന്ന  എഴുത്തിന്റെ ഭ്രാന്ത് യാതൊരും നാണവും കൂടാതെ തുണിയുരിഞ്ഞു നൃത്തം ചെയ്യാന്‍   തുടങ്ങിയത് അപ്പോഴാണ്.. പിന്നീടു എഴുത്തിന്റെ ചുവടു പിടിച്ച്‌ ചിന്തകള്‍ പതിയെ കാട് കയറാന്‍ തുടങ്ങിയപ്പോള്‍ അതൊരു രസമായി. ചിന്തകള്‍ക്ക് പക്ഷെ രസം മാത്രമല്ല ചില രാസ ഗുണങ്ങളുമുണ്ട്. തിളച്ചു മറിയുന്ന ജീവിതാനുഭവങ്ങളില്‍ നിന്ന് അത് ചൂട് വലിച്ചെടുക്കും, മനസ്സില്‍ കിടന്നു പുകയും പിന്നെ പുകയ്ക്കും. പുകഞ്ഞു നീറിയ കനലുകളില്‍ നിന്ന് ചിലത് വലിച്ചു പുറത്തിടുമ്പോള്‍ അവയ്ക്ക് വിയര്‍പ്പിന്റെ മണവും , ചോരയുടെ നിറവും , കണ്ണീരിന്റെ സ്വാദും  ഉണ്ടാകാറുണ്ട്. അത്തരത്തില്‍ ചില ചിന്തകളുടെ ഓരം ചേര്‍ന്ന് മനസ്സില്‍ ചിലത് കുത്തി കുറിക്കുമ്പോഴേക്കും ആ കനലുകലളില്‍ ചാരം വന്നു മൂടും പിന്നെ കടലാസും പേനയും ഭദ്രമായി അടച്ചു വെച്ചാല്‍ മതി, അടുത്ത തവണ ചിന്തകള്‍ക്ക് ചൂട് പിടിക്കുന്നത്‌ വരെ. ഇത്തവണ അത് പോലെ അല്ല. ചിന്തകള്‍ക്ക് ചൂട് പിടിച്ചു തുടങ്ങിയിരിക്കുന്നു, നെരിപ്പോടില്‍ കിടന്നെരിയുന്നത് പക്ഷെ കനലുകള്‍ മാത്രമല്ല, ചുട്ടു പഴുക്കുന്ന ചില ഇരുമ്പിന്റെ കഷ്ണങ്ങളും ഉണ്ട്. നട വഴിയില്‍ വീണ്‌ കിടക്കുന്നത് കണ്ടു പണ്ട് എപ്പഴോ എടുത്ത് കുപ്പായത്തിന്റെ കീശയില്‍ ഇട്ടതാണ് പിന്നീടു കുപ്പായക്കീശയില്‍ ഞാന്നു കിടന്നു താളത്തില്‍ മാറത്തു തട്ടിയപ്പോഴാണ് അവരെക്കുറിച്ച് ഓര്‍ത്തത്. അധികം താമസിച്ചില്ല മുറിയിലെത്തി കതകടച്ചു കുറ്റിയിട്ടു ചിന്തകള്‍ അടുപ്പത്തു വെച്ചു, ചൂടാക്കാന്‍. ചൂടായി വന്ന ചിന്തകളും കീശയിലെ ഇരുമ്പും വാരിയെടുത്ത് നേരിപ്പോടിലെക്ക് എറിഞ്ഞു. ഒരു നശിച്ച സിഗരറ്റും  കത്തിച്ചു പിടിച്ചു ചാര് കസേരയിലേക്ക് ചാഞ്ഞിരുന്നു, കനല് പഴുക്കുന്നതും ഇരുമ്പ് ഉരുകുന്നതും നോക്കി. ഇരുമ്പ് പൊതിയുന്ന കനലുകളില്‍ ഒരു കഥയുടെ രൂപം എനിക്ക് കാണാം. ഇങ്ങനെയാണോ കഥകള്‍ ഉരുത്തിരിയുന്നത്?